എംസോൺ റിലീസ് – 2856
ഷോർട് ഫിലിം – 05
The Lost Thing / ദ ലോസ്റ്റ് തിങ് (2010)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Andrew Ruhemann & Shaun Tan |
പരിഭാഷ | വിഷ്ണു എം കൃഷ്ണന് |
ജോണർ | അനിമേഷന്, ഡ്രാമ, ഷോർട് |
ഭാവികാലത്ത് നാശത്തിലേക്കടുക്കുന്ന മെൽബൺ നഗരത്തിലെ കഥയാണ് ‘ദ ലോസ്റ്റ് തിങ്‘. കുപ്പിയടപ്പുകൾ ശേഖരിച്ചു നടക്കുന്ന ഷോൺ എന്ന പയ്യൻ, ബീച്ചിൽ വെച്ച് നീരാളിയുടെ കാൽകളും ഞണ്ടിന്റെ കൈകളും ബോയ്ലറിന്റെ ശരീരവുമുള്ള ഒരു വിചിത്രജീവിയെ കണ്ടുമുട്ടുന്നു. അതിനെത്തേടി ആരും വരാനില്ലെന്ന് മനസ്സിലാക്കുന്ന അവൻ ആ ലോസ്റ്റ് തിങ്ങിനു കഴിയാൻ സുരക്ഷിതമായ ഒരിടം കണ്ടെത്താനായി അലയുന്നതാണ് ഈ കൊച്ചുചിത്രത്തിന്റെ രത്നച്ചുരുക്കം.
ആസ്ത്രേലിയൻ ബഹുമുഖപ്രതിഭയായ ഷോൺ ടാനിന്റെ സചിത്രപുസ്തകത്തെ ആധാരമാക്കി 2010-ൽ പുറത്തിറക്കിയ ഷോർട്ട്ഫിലിം ആ വർഷത്തെ മികച്ച ഹ്രസ്വചിത്രത്തിനുള്ള അക്കാദമി പുരസ്കാരം സ്വന്തമാക്കുകയുണ്ടായി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാകുംവിധമാണ് ഷോണും കൂട്ടരും ഈ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്.
ഷോർട് ഫിലിം – 04
New Boy / ന്യൂ ബോയ് (2007)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steph Green |
പരിഭാഷ | വിഷ്ണു എം കൃഷ്ണന് |
ജോണർ | ഡ്രാമ, ഷോർട് |
ആഫ്രിക്കൻ വൻകരയിൽനിന്നും അയർലൻഡിലെ വിദ്യാലയത്തിലേക്കു മാറാൻ നിർബന്ധിതനായ ഒമ്പതുവയസ്സുകാരനിൽനിന്നാണ് ‘ന്യൂ ബോയ്‘ എന്ന കൊച്ചുചിത്രം ആരംഭിക്കുന്നത്. പുതിയ വിദ്യാലയത്തിലെത്തുന്ന ജോസഫിന്റെ ആദ്യദിവസത്തെ അനുഭവങ്ങളിലൂടെ ചിത്രം മുന്നോട്ടുനീങ്ങുന്നു. ആ സമയങ്ങളിൽ ജോസഫിനുണ്ടാകുന്ന ഭൂതകാലസ്മരണകളെ വളരെ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നതായും നമുക്കു കാണാൻ കഴിയും.
ബുള്ളീയിംഗും റേസിസവുമൊക്കെ വിഷയമായി വരുന്നുണ്ടെങ്കിലും ചിത്രം ആത്യന്തികമായി മുന്നോട്ടുവെക്കുന്ന ആശയമെന്നത് കുട്ടികളുടെ പൊതുവായുള്ള താല്പര്യങ്ങളെ മുൻനിർത്തി അവരുണ്ടാക്കിയെടുക്കുന്ന സൗഹൃദങ്ങളാണ്. ഐറിഷ് സാഹിത്യകാരനായ റോഡി ഡോയലിന്റെ ചെറുകഥയെ ആധാരമാക്കി 2007-ൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രം ആ വർഷത്തെ മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം കാറ്റഗറിയിൽ ഓസ്കാറിനുള്ള നോമിനേഷൻ നേടിയിരുന്നു.
ഷോർട് ഫിലിം – 03
Undefeated / അൺഡിഫീറ്റഡ് (2021)
ഭാഷ | തായ് |
സംവിധാനം | Chaw Khanawutikarn |
പരിഭാഷ | പാർക്ക് ഷിൻ ഹേ |
ജോണർ | ആക്ഷൻ, ഷോർട് |
‘ഫ്രീ ഫയർ’ എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി 2021ൽ പുറത്തിറങ്ങിയ തായ് ആക്ഷൻ ഷോർട്ട് മൂവിയാണ് ‘അൺഡിഫീറ്റഡ്‘. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും VFX വർക്കുകളുമെല്ലാം വളരെ മികച്ചതാണ്. ആദ്യം മുതൽ അവസാനംവരെ എൻജോയ് ചെയ്ത് കാണാൻ പറ്റിയ ഒരു ഷോർട്ട് മൂവിയാണിത്
ഷോർട് ഫിലിം – 02
The Immigrant / ദി ഇമിഗ്രന്റ് (1917)
ഭാഷ | നിശ്ശബ്ദ ചിത്രം (ഇംഗ്ലീഷ്) |
സംവിധാനം | Charles Chaplin |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി. ആർ |
ജോണർ | കോമഡി, ഡ്രാമ, ഷോർട് |
1917 ൽ പുറത്തിറങ്ങിയ അമേരിക്കൻ റൊമാന്റിക് കോമഡി ഹ്രസ്വചിത്രമാണ് ദി ഇമിഗ്രന്റ്. അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള യാത്രയിൽ മോഷണക്കുറ്റം ചുമത്തുകയും വഴിയിൽ ഒരു സുന്ദരിയായ യുവതിയുമായി പ്രണയത്തിലാകുകയും ചെയ്യുന്ന അമേരിക്കയിലേക്ക് വരുന്ന ഒരു കുടിയേറ്റക്കാരനായി ചാർളി ചാപ്ലിന്റെ ട്രാംപ് കഥാപാത്രം ചിത്രത്തിൽ അഭിനയിക്കുന്നു. എഡ്ന പർവിയൻസ്, എറിക് കാംപ്ബെൽ എന്നിവരും അഭിനയിക്കുന്നു.
ഷോർട് ഫിലിം – 01
Occurrence at Owl Creek Bridge / ഒക്കറൻസ് അറ്റ് ഔൾ ക്രീക്ക് ബ്രിഡ്ജ് (1961)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Robert Enrico |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | അഡ്വഞ്ചർ, ഡ്രാമ, ഷോർട് |
വിഖ്യാത അമേരിക്കൻ എഴുത്തുകാരൻ അംബ്രോസ് ബിയേഴ്സിൻ്റെ “An Occurrence at Owl Creek Bridge” എന്ന കഥയെ ആസ്പദമാക്കി, റോബർട്ട് എൻറിക്കോ സംവിധാനം ചെയ്ത്, 1961 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ഹ്രസ്വചിത്രമാണ് “La Rivière du hibou”.1964 ൽ, “ട്വൈലൈറ്റ് സോൺ” എന്ന ടെലിവിഷൻ പരമ്പരയിൽ സംപ്രേക്ഷണം ചെയ്തതിലൂടെ ഫ്രാൻസിന് പുറത്തേക്കും, ചിത്രം സ്വീകാര്യത നേടി.
അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ, അലബാമയിലെ തോട്ടമുടമയായ പെയ്റ്റൻ ഫാർക്കറെ, സൈന്യം തൂക്കിലേറ്റാൻ തയ്യാറെടുക്കുന്നതായി കാണിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. തുടർന്ന്, മരണത്തെ മുഖാമുഖം കാണുന്ന അയാളുടെ മനസ്സിലൂടെ കടന്നുപോകുന്ന സംഘർഷങ്ങൾ പ്രേക്ഷകന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. തുടക്കം മുതൽ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അവതരണ ശൈലിയും, ഞെട്ടിപ്പിക്കുന്ന കഥാന്ത്യവും ചിത്രത്തിൻ്റെ മാറ്റ് കൂട്ടുന്നു.
Editing എന്ന കലയ്ക്ക്, സിനിമയിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് 25 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം നമ്മെ ഓർമപ്പെടുത്തുന്നു. “സമയത്താൽ കൊത്തിയെടുത്ത ശിൽപ്പമാണ് സിനിമയെന്ന” വാക്കുകളെ അക്ഷരംപ്രതി ശരിവെക്കുന്ന തരത്തിലാണ്, ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത്. പരിമിതമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അണിയിച്ചൊരുക്കിയ ഈ ചിത്രം, ചലച്ചിത്ര വിദ്യാർഥികൾക്ക് ഒരു അത്ഭുതമായി നിലകൊള്ളുന്നു.
ഇന്നും, നിരന്തരമായ ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമായി കൊണ്ടിരിക്കുന്ന ഈ ചിത്രം, 1962 ലെ കാൻ പുരസ്കാരവും, 1963 ൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്കാരവും നേടുകയുണ്ടായി.