എംസോൺ റിലീസ് – 3160
ഷോർട് ഫിലിം – 06
Alfred Hitchcock Presents- The Perfect Crime (1957) / ആൽഫ്രെഡ് ഹിച്ച്കോക്ക് പ്രസന്റസ് – ദ പെർഫെക്റ്റ് ക്രൈം (1957)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alfred Hitchcock |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | ഡ്രാമ, മിസ്റ്ററി |
ചാൾസ് കോർട്നിയെന്ന വിഖ്യാത കുറ്റാന്വേഷകൻ തൻ്റെ ഏറ്റവും പുതിയ കേസിൻ്റെ വിജയാഘോഷത്തിലായിരുന്നു. അവിടേക്കാണ് അയാളുടെ പരിചയക്കാരനായ അഡ്വക്കേറ്റ് ജോൺ ഗ്രിഗറി എത്തുന്നത്.
അവരുടെ സംഭാഷണങ്ങൾക്കിടയിൽ അസാധാരണവും എന്നാൽ താത്പര്യം ജനിപ്പിക്കുന്നതുമായ ഒരു വിഷയം കടന്നു വരുന്നു – The Perfect Crime – കുറ്റമറ്റ കുറ്റകൃത്യം!
അങ്ങനെയൊന്നുണ്ടോ?വളരെ കുറ്റമറ്റ രീതിയിൽ ഒരാൾ ഒരു കുറ്റകൃത്യം നടത്തിയെന്നിരിക്കട്ടെ. അയാളെ പിടികൂടാൻ സാധ്യമാണോ?ഏതു തരത്തിലുള്ള കുറ്റകൃത്യമാണ് ഈ വിശേഷണത്തിന് ഏറ്റവും അനുയോജ്യം?തെളിവുകൾ അവശേഷിപ്പിക്കാതെ എങ്ങനെയാണ് ഒരാൾക്കൊരു കുറ്റകൃത്യം നടപ്പിലാക്കാനാവുക?
ഒരു മികച്ച കുറ്റാന്വേഷകൻ എങ്ങനെയാണ് അയാളെ പിടികൂടുക?സംഭാഷണങ്ങൾ തുടരവെ അമ്പരപ്പിക്കുന്ന പലതും അനാവരണം ചെയ്യപ്പെടുന്നു.സസ്പെന്സിന്റെ തമ്പുരാനായ ആൽഫ്രഡ് ഹിച്ച്കോക്കിൽ നിന്നും, മറ്റൊരു ചിത്രം.
ഷോർട് ഫിലിം – 05
The Recorder Exam / ദ റെക്കോർഡർ എക്സാം (2011)
ഭാഷ | കൊറിയൻ |
സംവിധാനം | Bora Kim |
പരിഭാഷ | അരവിന്ദ് കുമാർ |
ജോണർ | ഡ്രാമ, ഫാമിലി, ഷോർട് |
അരമണിക്കൂർ ദൈഘ്യത്തിൽ ഒരു അതിമനോഹരമായ ഷോർട് ഫിലിം, അതാണ് “ദ റെക്കോർഡർ എക്സാം“. ഒരു ഒൻപത് വയസുകാരി കുട്ടിയുടെ ലോകവും തൻ്റെ കുടുംബം അവളെ എങ്ങനെ നോക്കി കാണുന്നു എന്ന ആ കുട്ടിയുടെ തിരിച്ചറിവുകളിലൂടെയുമാണ് ഷോർട് ഫിലിം സഞ്ചരിക്കുന്നത്. മറ്റുള്ള കുട്ടികൾക്ക് തങ്ങളുടെ കുടുംബത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹം തനിക്ക് കിട്ടുന്നില്ല എന്ന ഒരു കുട്ടിയുടെ വികാരത്തെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
2011 ലെ വുഡ്സ്റ്റോക്ക് ഫിലിം ഫെസ്റ്റിവലിൽ മികച്ച സ്റ്റുഡൻ്റ് ഷോർട് ഫിലിമിനുള്ള അവാർഡ് കരസ്ഥമാക്കിയ ചിത്രം അതേ വർഷത്തെ DGA സ്റ്റുഡൻ്റ്സ് അവാർഡിൽ ഇതിൻ്റെ സംവിധായികയ്ക്ക് മികച്ച സ്ത്രീ വിദ്യാർത്ഥിയായ ഫിലിം മേക്കർ എന്ന അവാർഡ് നേട്ടത്തിന് അർഹത നേടിക്കൊടുത്തു. മികച്ച രീതിയിൽ ഒരുക്കി ഒരു സംവിധായികയുടെ ഹൃദ്യമായ കയ്യൊപ്പ് ചാർത്തിയിട്ടുള്ള ഈ ഷോർട് ഫിലിം മുഖ്യ കഥാപാത്രം അവതരിപ്പിച്ച കൊച്ചു കുട്ടിയുടെ ഗംഭീര പ്രകടനം കൊണ്ട് കൂടി എല്ലാവരും തീർച്ചയായും കാണേണ്ട മികച്ചൊരു ഷോർട് ഫിലിം കൂടിയാണിത്.
ഷോർട് ഫിലിം – 04
Cockroach / കോക്രോച്ച് (2010)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Luke Eve |
പരിഭാഷ | അരവിന്ദ് കുമാർ |
ജോണർ | അനിമേഷന്, കോമഡി, ഷോർട് |
രാജമൗലിയുടെ “ഈച്ച” കാണാത്ത മലയാളി പ്രേക്ഷകർ വളരെ വിരളമായിരിക്കും. എന്നാൽ ആ ചിത്രം ഇറങ്ങുന്നതിനും രണ്ട് വർഷം മുന്നേ ഏതാണ്ട് അതേ ആശയത്തിൽ ഇറങ്ങിയ ഒരു കൊച്ച് ഇംഗ്ലീഷ് ഷോർട് ഫിലിമാണ് “കോക്രോച്ച്“. ഈച്ച ചിത്രത്തിലെ ചില കഥാഗതികളുമായി നേരിയ സാമ്യത പുലർത്തുന്ന ഈ ഹ്രസ്വ ചിത്രത്തിൽ, ഈച്ചയ്ക്ക് പകരം ഒരു പാറ്റയാണ് മുഖ്യ കഥാപാത്രം.
കല്യാണ ദിവസം നിനയ്ക്കാതെ സംഭവിച്ച അപകടത്തെ തുടർന്ന് തൻ്റെ കാമുകിയോടോപ്പം ഒന്നിക്കാൻ പറ്റാതെ മരണം സംഭവിച്ച നായക കഥാപാത്രം പിന്നീട് പാറ്റയായി പുനർജനിക്കുകയും, തുടർന്ന് അത് താനാണെന്ന് നായികയെ വിശ്വസിപ്പിക്കാൻ നടത്തുന്ന ഈ പാറ്റയുടെ തത്രപ്പാടുകളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരു ഡാർക്ക് കോമഡി ജേണറിൽപ്പെടുന്ന, എല്ലാവർക്കും ആസ്വദിച്ച് കാണാവുന്ന, വെറും 14 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ചെറിയ ഷോർട് ഫിലിം.
ഷോർട് ഫിലിം – 03
Alien / ഏലിയൻ (2023)
ഭാഷ | കൊറിയൻ |
പരിഭാഷ | അരവിന്ദ് കുമാർ |
ജോണർ | ഷോർട് |
പ്രപഞ്ചത്തിലെ ഏതോ കോണിൽ നിന്ന് ഭൂമിയിലേക്ക് എത്തപ്പെട്ട ഒരു സ്ത്രീയിലൂടെ ഈ ഷോർട് ഫിലിം ആരംഭിക്കുന്നത്.യഥാർത്ഥത്തിൽ വേറേ ലോകത്ത് നിന്ന് വരുന്നവർ മാത്രമാണോ “ഏലിയൻ“?, അതോ നമുക്ക് ചുറ്റുമുള്ളവരോ? ചെറിയ ദൈർഘ്യത്തിൽ വല്യ അർത്ഥങ്ങൾ സമ്മാനിക്കുന്ന ഒരു കൊച്ചു കൊറിയൻ ഷോർട്ട് ഫിലിം.
ഷോർട് ഫിലിം – 02
Judgement / ജഡ്ജ്മെന്റ് (1999)
ഭാഷ | കൊറിയൻ |
സംവിധാനം | Park Chan-wook |
പരിഭാഷ | രോഹിത് ഹരികുമാര് |
ജോണർ | ഡ്രാമ, ഷോർട് |
ഓൾഡ്ബോയ് (2003), തേഴ്സ്റ്റ് (2009), ദി ഹാൻഡ്മെയ്ഡൻ (2016) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകൻ പാർക്ക് ചാൻ വൂക്കിന്റെ ആദ്യകാല ഹ്രസ്വ ചിത്രമാണ് തീർപ്പ് (ജഡ്ജ്മെന്റ്).
സാംപൂങ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ ദുരന്തം ആസ്പദമാക്കിയെടുത്ത ചിത്രമാണിത്. പ്ലസ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ എന്ന കെട്ടിടം നിലംപതിച്ചുണ്ടായ ദുരന്തത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുക്കുകയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രം നമ്മെ കാണിക്കുന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റിലെടുത്ത ഈ ചിത്രം, അദ്ദേഹം മനോഹരമായാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച്, ഓരോ ഷോട്ടും ഭംഗിയായിട്ടാണ് കംപോസ് ചെയ്തിരിക്കുന്നത്. ഡാർക്ക് ഹ്യൂമറിന്റെ മേമ്പൊടിയിലെടുത്ത ഡ്രാമ. ഫുട്ടേജ് ദൃശ്യങ്ങളെല്ലാം ഒറിജിനലാണ്. കഥാപാത്രങ്ങൾക്ക് പേരില്ലാ എന്നത് ശ്രദ്ധേയം. 99 ൽ ബുസാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. തീർച്ചയായും ഒന്ന് കണ്ട് നോക്കാവുന്ന ഹ്രസ്വചിത്രം തന്നെയാണിത്.
ഷോർട് ഫിലിം – 01
The Boy, the Mole, the Fox and the Horse / ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ് (2022)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter Baynton & Charlie Mackesy |
പരിഭാഷ | ജീ ചാങ് വൂക്ക് |
ജോണർ | അഡ്വഞ്ചർ, അനിമേഷന് & ഷോർട് |
വീടു തേടി നടക്കുകയാണ് ഒരു ആൺകുട്ടി. ഒരുപാട് ചോദ്യങ്ങളുണ്ട് അവൻ്റെ മനസ്സിൽ. യാത്രക്കിടയിൽ അപ്രതീക്ഷിതമായി അവന് കൂട്ട് കിട്ടുന്നതോ? എപ്പോഴും കേക്കിന്റെ കാര്യം മാത്രം പറയുന്ന ഒരു പെരുച്ചാഴി, വിശന്നു വലഞ്ഞ, ക്രൂരനെന്നു തോന്നിക്കുന്ന ഒരു കുറുക്കൻ, പിന്നെയൊരു പാവം കുതിര. വ്യത്യസ്ത സ്വഭാവക്കാരായ ഈ നാലു പേരുടെയും നീണ്ട യാത്രയിലെ ഹൃദ്യമായ, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന, 32 മിനിറ്റ് നീളമുള്ള “ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ്” എന്ന ഈ ഷോർട് അനിമേഷൻ ഫിലിം പറയുന്നത് സ്വപ്ന തുല്യമായൊരു സൗഹൃദത്തിന്റെയും ദയയുടെയും പ്രതീക്ഷയുടെയും ഭയത്തെ മറികടക്കുന്ന ധീരതയുടെയും കഥയാണ്.
2020 ലെ പ്രതീക്ഷയറ്റ, ഭീതിദമായ കോവിഡ് പാൻഡമിക് കാലത്ത് ഇല്ലസ്ട്രേറ്റഡ് ബുക്ക് ആയാണ് ബ്രിട്ടീഷ് എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ചാർലി മാക്കെസി ആദ്യമായി ഈ കഥ പുസ്തകരൂപത്തിൽ പബ്ലിഷ് ചെയ്തത്. പ്രായ ഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും പ്രതീക്ഷ ഉണർത്തി സർപ്രൈസ് ബെസ്റ്റ് സെല്ലർ ആയിരുന്ന സ്വന്തം ബുക്കിനെ ആധാരമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത് 2022 ലെ ക്രിസ്മസ് ദിനത്തിൽ ആപ്പിൾ ടിവി സംപ്രേഷണം ചെയ്ത ഷോർട് അനിമേഷൻ ഫിലിമാണ് ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ്.
അനവധി നിരൂപക പ്രശംസയും അവാർഡുകളും ലഭിച്ച ഈ ചിത്രം 2022 ലെ ഏറ്റവും മികച്ച ഷോർട്ട് അനിമേഷൻ ഫിലിമിനുള്ള BAFTA അവാർഡും 95 ആമത് ഓസ്കാർ അവാർഡും സ്വന്തമാക്കി.